Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കോടതിയില്‍ വീണ്ടും ബലാത്സംഗം

Updated: Friday, March 15, 2013, 13:33 [IST]

 

കോടതിയില്‍ വീണ്ടും ബലാത്സംഗം

തിരുവനന്തപുരം: ബലാത്സംഗത്തിനിരയാകുന്ന സ്ത്രീ കേസുമായി ചെന്നാല്‍ കോടതിയില്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെടുമോ? അങ്ങിനെയാണ് സാധാരണസംഭവിക്കുന്നതെന്ന് ഡോ. അമര്‍ ദേശാനി പറയുന്നു. ശ്രീചിത്രി തിരുനാള്‍ ഇന്‍സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററാണ് അമര്‍ ദേശാനി.

ബലാത്സംഗം ചെയ്ത പുരുഷനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പലപ്പോഴും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാക്കുകൊണ്ട ് സ്ത്രീയുടെ തുണിയഴിക്കുന്നത്. പുരുഷനെ രക്ഷിക്കാന്‍ സ്ത്രീയെ സദാചാരവിരുദ്ധയായി ചിത്രീകരിക്കാനായിരിക്കും വക്കീലിന്റെ ശ്രമം. ഇതിനായി അയാള്‍ പല രീതികളില്‍ തിരിച്ചും മറിച്ചും സ്ത്രീയെ നാണം കെടുത്താനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു. - ദേശാനി പറഞ്ഞു.

സ്ത്രീ മാസികയായ സംയുക്തയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമര്‍ ദേശാനി.

പലപ്പോഴും സ്ത്രീയെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കാന്‍ പ്രതിഭാഗം വക്കീല്‍ വൈദ്യപരിശോധനാത്തെളിവുകള്‍ ഉപയോഗപ്പെടുത്താറുണ്ട്. വാസ്തവത്തില്‍ ഇത് തടയാന്‍ ഡോക്ടര്‍മാരും ശ്രമിക്കണം. ബലാത്സംഗക്കേസുകളില്‍ വൈദ്യപരിശോധനയ്ക്ക് ലഭിക്കുന്ന സ്ത്രീയുടെ ശരീരം മാത്രമല്ല, ആ കേസിലുള്‍പ്പെട്ട സാമൂഹ്യപ്രശ്നങ്ങള്‍ക്കൂടി കണക്കിലെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണം. - അമര്‍ ദേശാനി പറഞ്ഞു.

മുംബൈയില്‍ ഇയിടെ നടന്ന പഠനപ്രകാരം ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകളില്‍ മൂന്നില്‍ രണ്ടു ഭാഗവും വീട്ടിനകത്തുനിന്നുതന്നെയാണ് ഇതിന് വിധേയരാകുന്നത്. കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ പലപ്പോഴും സ്ത്രീകള്‍ നടന്ന സത്യം ഡോക്ടറോട് പറയാറില്ല. ഡോക്ടര്‍മാരാകട്ടെ ഇത്തരം കേസുകളില്‍ വിശദമായ വൈദ്യപരിശോധനാറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മിനക്കെടാറുമില്ല. വാസ്തവത്തില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആശുപത്രികളോട് ചേര്‍ന്ന് പ്രത്യേക കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുറക്കണം. വീടിനകത്തു സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ ബോധവല്ക്കരണത്തിന് ഇവിടുത്തെ കൗണ്‍സലര്‍മാര്‍ സഹായകരമായിരിക്കും. ഇത്തരം കേന്ദ്രങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ഒരു താങ്ങായിരിക്കും. - അമര്‍ ദേശാനി അഭിപ്രായപ്പെട്ടു.

സ്ത്രീയുടെ പ്രശ്നങ്ങള്‍ ഡോക്ടര്‍മാര്‍ പ്രത്യേകമായി കാണേണ്ടത് അത്യാവശ്യമാണ്. ഇത് ഗൈനക്കോളജി, എ്ബ്സ്ടട്രിക്സ് വകുപ്പുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട പ്രശ്നമല്ല. എല്ലാ വൈദ്യമേഖലകളിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ വിശാലമായി നോക്കിക്കാണാന്‍ കഴിയണം. ഡോക്ടര്‍മാര്‍ പലപ്പോഴും ലിംഗപരമായ പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണ് പെരുമാറുന്നത്. സ്ത്രീ ഡോക്ടര്‍മാരായാലും പുരുഷഡോക്ടര്‍മാരായാലും പുരുഷ മേധാവിത്വ കാഴ്ചപ്പാടിലൂടെയാണ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രോഗം സുഖപ്പെടുത്തല്‍ മാത്രമല്ല, രോഗിയെ മനസ്സിലാക്കലും ഡോക്ടറുടെ കടമയാണ്. - അമര്‍ ദേശാനി പറഞ്ഞു.

സ്ത്രീകളുടെ മാനസികാരോഗ്യസംരക്ഷണം തീരെ അവഗണിക്കപ്പെട്ട ഒരു മേഖലയാണെന്നും ഈ രംഗത്ത് അടിയന്തരശ്രദ്ധപതിയണമെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ ഡി. ശ്രീദേവി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ദക്ഷിണേന്ത്യാ ഡയറക്ടര്‍ യുനിസ് ക്രൂക്കിന് ഒരു പ്രതി നല്കിക്കൊണ്ടാണ് സംയുക്തമാസികയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തത്. സംയുക്ത പത്രാധിപ ജി.എസ്. ജയശ്രീ, ഉഷ മേനോന്‍, മെഡിക്കല്‍ വിദ്യഭ്യാസഡയറക്ടര്‍ എം.ഒ. അന്നമ്മ എന്നിവര്‍ സംസാരിച്ചു.

Story first published:  Wednesday, March 20, 2002, 5:30 [IST]
Subscribe Newsletter