യാത്ര ചെയ്യുമ്പോള്‍ കണ്ണില്‍ കണ്ടതല്ലാം വലിച്ചുവാരി കഴിച്ച് വയറു കേടാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. യാത്രയുടെ തന്നെ രസം കെടുത്തുന്ന ഭക്ഷണപരീക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. യാത്ര ചെയ്യുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.
നിറം പിടിപ്പിച്ച ഭക്ഷണങ്ങളും കോളകളും യാത്രക്കിടെ ഒഴിവാക്കുക. കഴിവതും നമുക്കാവശ്യമായ ഭക്ഷണം കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുക. തിളപ്പിച്ച വെള്ളം കരുതിയിരിക്കണം. പുറത്തു നിന്ന് കുടിക്കാനുള്ള വെളളം വാങ്ങിക്കേണ്ടി വന്നാല്‍ ഗുണനിലവാരമുള്ള വെളളം മാത്രം വാങ്ങുക.
യാത്രക്കിടെ കൊറിയ്ക്കുവാന്‍ നിലക്കടലോ വീട്ടില്‍ വറുത്തെടുത്ത ചോളമോ കയ്യിലെടുക്കുക. പുറത്തു നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കണമെന്ന് തോന്നിയാല്‍ വേവിച്ച നിലക്കടലയോ ചുട്ടെടുത്ത ചോളമോ ചെറുവെളളരിയോ മാത്രം വാങ്ങുക.
പ്രധാന ഭക്ഷണം വീട്ടില്‍ നിന്ന് തന്നെ പാകം ചെയ്തുകൊണ്ടു പോകുക. പോകുമ്പോള്‍ ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമുണ്ടെങ്കില്‍ അതിന് ആവശ്യമായ പാത്രവും മറ്റ് സാമഗ്രികളും കരുതുക. റാഗിയോ റൊട്ടിയോ ഗോതമ്പോ പോലുളള ഭക്ഷണസാധനങ്ങളാണ് യാത്രക്കിടെ നല്ലത്. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുകയാണ് നല്ലത്.
വിമാനയാത്രയ്ക്കിടെയാണെങ്കിലും ലഭ്യമാണെങ്കില്‍ വെജിറ്റബിള്‍ സാലഡ്, ഫലവര്‍ഗം തുടങ്ങിയ സാധനങ്ങള്‍ കഴിയ്ക്കുകയാണ് നല്ലത്. വറുത്ത ഭക്ഷണം യാത്രകള്‍ക്കിടെ നിര്‍ബന്ധമായും ഒഴിവാക്കണം.
യാത്രക്കിടെ മടി പിടിച്ച് ഇരിക്കാതെ പാട്ട് കേള്‍ക്കുകയോ വായിക്കുകയോ ചെയ്യാം. വെറുതേയിരിക്കുമ്പോള്‍ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കാനുളള പ്രവണതയുണ്ടാകും.
യാത്രകള്‍ക്കിടെയും നടക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അതു ചെയ്യുക. ദഹനത്തെ സഹായിക്കും. സമയാസമയത്ത് ചെറിയ അളവിലാണെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.




















