ഗര്‍ഭനിരോധന വഴികള്‍ പലതുമുണ്ട്. എന്നാല്‍ ഇവ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം.
ഒരു ഗര്‍ഭനിരോധന മാര്‍ഗം മറ്റൊരാള്‍ക്ക് ചേര്‍ന്നതായിരിക്കണമെന്നില്ല. ഉദാഹരണത്തിന് ഒരു കുഞ്ഞുള്ളവര്‍ക്കു വേണമെങ്കില്‍ കോപ്പര്‍ ടി ഉപയോഗിക്കാം. എന്നാല്‍ കുഞ്ഞുങ്ങളേ ഇല്ലാത്തവര്‍ ഇത് ഉപയോഗിക്കുന്നത് ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.
ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ കോണ്ടംസിന് തന്നെയാണ് മുന്‍ഗണന. ഗര്‍ഭം മാത്രമല്ലാ, ലൈംഗിക രോഗങ്ങള്‍ തടയാനും ഇതു സഹായിക്കുമെന്നതാണ് ഗുണം. വില കുറവുമാണ്. പലയിടത്തും ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് ഇത് സൗജന്യമായി നല്‍കി വരുന്നുമുണ്ട്.
കോണ്ടംസിന് ദോഷങ്ങളുമുണ്ട്. ഹെര്‍പിസ്, പാപ്പിലോമ വൈറസ് തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ഇവയ്ക്കാവില്ല. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പൊട്ടിപ്പോകുമെന്ന കുറവുമുണ്ട്. അപൂര്‍വമായെങ്കിലും ചിലര്‍ക്കെങ്കിലും ഇത് അലര്‍ജിയുമുണ്ടാക്കും. ഓരോ തവണയും പുതിയത് തന്നെ ഉപയോഗിക്കുകയും വേണം. സെക്‌സ് വേണ്ട രീതിയില്‍ ആസ്വദിക്കാനാവില്ലെന്ന് ഇതെക്കുറിച്ചു പൊതുവായി പരാതിയുമുണ്ട്.
ഒന്നോ രണ്ടോ വര്‍ഷത്തേക്കാണ് ഗര്‍ഭനിരോധനമെങ്കില്‍ ഗുളികകള്‍ ഉപയോഗിക്കാം. സാധാരണ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോള്‍ എന്നിവ അടങ്ങിയ ഗുളികകളാണ് ഉപയോഗിക്കുക. ഇവ ദിവസവും കഴിയ്ക്കണം. ആര്‍ത്തവം ക്രമമാക്കാനും ഇത്തരം ഗുളികകള്‍ക്ക് കഴിയും. ഒരു പരിധി വരെ ഗര്‍ഭപാത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും ഇത്തരം ഗുളികകള്‍ക്ക് കഴിയും.
ദിവസവും കഴിയ്‌ക്കേണ്ടി വരുമെന്നതു തന്നെയാണ് ഇവയുടെ ഉപയോഗം ബുദ്ധിമുട്ടാക്കുന്നത്. മറക്കാതെ ഇവ കഴിയ്ക്കണം. ദിവസവും ഒരേ നേരത്തു തന്നെ കഴിയ്ക്കുകയും വേണം. ഇവ ലൈംഗിക രോഗങ്ങള്‍ തടയുകയുമില്ല. ചില സ്ത്രീകളില്‍ ഇത്തരം ഗുളികകള്‍ തടി കൂട്ടുന്നതായി കണ്ടുവരുന്നുണ്ട്.




















