For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട വഴി മുടി നന്നാക്കാം!!

By Saritha P
|

സ്വകാര്യദു:ഖമായി തുടങ്ങി പിന്നീട് മറ്റുള്ളവര്‍ അയ്യോ അവളുടെ മുടിയെല്ലാം പോയല്ലോ എന്ന് പറയാറുള്ള അവസ്ഥയിലെത്തിക്കുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനിടെ എന്തെല്ലാം പരീക്ഷിച്ചു. പരസ്യങ്ങള്‍ കണ്ട് കൊതിച്ച് വാങ്ങിയ ഷാംപുവും എണ്ണയും എല്ലാം ചതിച്ചെന്ന് തിരിച്ചറിയുമ്പോഴേക്കും ഇവയിലെ വീര്യം കൂടിയ കെമിക്കലുകള്‍ മുടിയെ ഒട്ടുമുക്കാലും നശിപ്പിച്ചിട്ടുണ്ടാകും. ഒടുവില്‍ കൊഴിഞ്ഞ് പോകുകയാണെങ്കില്‍ പോകട്ടെ എന്ന് കരുതി വിഷമം ഉള്ളിലൊതുക്കുകയേ മാര്‍ഗ്ഗമുണ്ടാകൂ. നിങ്ങള്‍ക്ക് മുടികൊഴിച്ചിലുണ്ടോ, അതോ കൂട്ടുകാര്‍ക്കാര്‍ക്കെങ്കിലും മുടി സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ? ഉണ്ടെങ്കില്‍ കെമിക്കല്‍ പോംവഴികളിലേക്ക് ആദ്യമേ തലയിടാതെ വീട്ടില്‍ തന്നെ പരിഹാരം നോക്കുന്നതല്ലേ നല്ലത്.

കൊഴിച്ചില്‍ മാത്രമല്ല പരുപരുത്തതും ഒട്ടിപ്പിടിച്ചതുമായ മുടിയ്ക്കും നല്ല മരുന്നുണ്ട്. മുട്ടയാണ് ഇതിനെല്ലാം പരിഹാരം. മുട്ട ഓംലെറ്റാക്കി അകത്താക്കാന്‍ മാത്രമുള്ളതല്ല ഇടക്കൊക്കെ പുറത്തും ഉപയോഗിക്കാം. മുട്ടകൊണ്ടുണ്ടാക്കിയ ഹെയര്‍ പാക്ക്, ഷാംപൂ, കണ്ടീഷനര്‍ എന്നിവയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മുടി സംരക്ഷണത്തിന്‌പാചക എണ്ണകൾ

മുട്ടയിലടങ്ങിയിരിക്കുന്ന ജീവകങ്ങളായ എ, ബി, ഡി, ഇ എന്നിവ മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നവയാണ്. ശരീരത്തില്‍ സീബത്തിന്റെ ഉത്പാദനം ഉയര്‍ത്താനും അത് വഴി താരന്‍ തടയാനും സഹായിക്കുന്നത് ജീവകം എ ആണ്. മുടികൊഴിച്ചില്‍ തടയാനും ഈ ജീവകം സഹായിക്കും.

how get healthy hair with eggs

മുടിയിഴകളില്‍ ഓക്‌സിജന്‍ ചംക്രമണം ഉയര്‍ത്താന്‍ ജീവകം ബി, ഇ എന്നിവ സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും കഴിവുള്ളവയാണ് ജീവകം ഡി. ഈ ജീവകങ്ങളെ കൂടാതെ ഫാറ്റി ആസിഡും പ്രോട്ടീനും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടികൊഴിച്ചിലും താരനും തടഞ്ഞ് മുടിവളര്‍ച്ച മെച്ചപ്പെടുത്താന്‍ കഴിവുള്ളവയാണ്.

1. കരുത്തുറ്റ മിനുസമേറിയ മുടിയഴകിന്

ചേരുവകള്‍:

മുട്ട

വിര്‍ജിന്‍ ഒലിവ് ഓയില്‍

എങ്ങനെ തയ്യാറാക്കാം:
രണ്ട് മുട്ടയെടുത്ത് അതിന്റെ മഞ്ഞക്കരുക്കള്‍ മാത്രം വേര്‍തിരിച്ചെടുക്കുക. നല്ലവണ്ണം പതയുന്ന വരെ ഈ മഞ്ഞക്കരു അടിച്ചെടുക്കണം. അതിന് ശേഷം എക്‌സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ രണ്ട് ടേബിള്‍ സ്പൂണെടുത്ത് ഈ പതഞ്ഞ മഞ്ഞക്കരുവിലേക്ക് നല്ലവണ്ണം യോജിപ്പിക്കുക. മൂന്നോ നാലോ മിനുട്ട് നേരം ഇത് നല്ലവണ്ണം അടിക്കണം. ശേഷം നല്ല കൊഴുത്ത മിശ്രിതമാണ് ലഭിക്കുക.

മിശ്രിതം മുടിയില്‍ പുരട്ടുന്നതിന് മുമ്പ് ശക്തികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടിയൊന്ന് കഴുകണം. അങ്ങനെ കഴുകിയ മുടിയിലേക്ക് ഈ മിശ്രിതം പുരട്ടാം. മുടിവേരുകളിലും മുടിയിഴകളിലും അഗ്രഭാഗങ്ങളിലുമായി വേണം ഇത് തേച്ച് പിടിപ്പിക്കേണ്ടത്. ഈ മിശ്രിതം തേച്ച് അല്പനേരം മുടിയില്‍ വെക്കേണ്ടതുണ്ട് അതിനാല്‍ പുരട്ടിയ ശേഷം മുടി നല്ലവണ്ണം മൂടിവെക്കുക. ഷവര്‍ ക്യാപ് മുടി മൂടിവെക്കാന്‍ ഉപയോഗിക്കാം. ഏകദേശം 20 മിനുട്ടിലേക്ക് ഇങ്ങനെ തന്നെ തുടരുക. അതിന് ശേഷം നല്ലവണ്ണം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിക്ക് കരുത്തും മൃദുത്വവും നല്‍കുന്നതിനൊപ്പം ഒലിവ് ഓയില്‍ ഒരു കണ്ടീഷനറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ഹെയര്‍ പാക്കിന്റെ ഗുണം.

2. തിളക്കമേറിയ മുടിക്ക്

ചേരുവകള്‍:

മുട്ട

നാരങ്ങാനീര്

എങ്ങനെ തയ്യാറാക്കാം::
ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. അത് നല്ലവണ്ണം യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. തിളക്കമേറിയ മുടി സ്വന്തമാക്കാം.

മുട്ട മുടിക്ക് നല്‍കുന്ന തിളക്കവും മൃദുത്വവും ഒപ്പം മുടിയുടെ വരള്‍ച്ചയും താരനും തടയാനുള്ള നാരങ്ങാനീരിന്റെ ഗുണവും ചേരുന്നതാണ് ഈ പാക്കിന്റെ രഹസ്യം.

3. കണ്ടീഷനറായും

ചേരുവകള്‍:

മുട്ട

വെളിച്ചെണ്ണ

തയ്യാറാക്കുന്നത്:
മുട്ടയുടെ മഞ്ഞക്കരുവാണ് ഇവിടെ ആവശ്യം. രണ്ട് മുട്ടയുടെ മഞ്ഞക്കരു നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കണം. അതിന് ശേഷം ഈ മി്ശ്രിതം നല്ലവണ്ണം യോജിപ്പിച്ചെടുക്കണം. മുടി നല്ലവണ്ണം കഴുകിയശേഷം ഈ മിശ്രിതം നന്നായി തേച്ച് പിടിപ്പിക്കാം. അഞ്ച് മിനുട്ട് ശേഷം വേണം കഴുകിക്കളയാന്‍. കെമിക്കലടങ്ങാത്ത കണ്ടീഷനര്‍ നിങ്ങളുടെ മുടിയഴക് വര്‍ധിപ്പിക്കുന്നത് കാണാം. ഈ മിശ്രിതത്തിലെ വെളിച്ചെണ്ണയും മുട്ടയും മുടിയ്ക്ക് തിളക്കവും പറ്റിനില്‍ക്കാത്തതുമായ മുടിയഴക് നല്‍കുന്നു.

കട്ടിത്തൈര് ഉപയോഗിച്ചും കണ്ടീഷനര്‍ ഉണ്ടാക്കാം. മുട്ടയും തൈരും ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്.

4. ഷാംപൂ

കെമിക്കലടങ്ങാത്ത ഷാംപൂ പരിചയപ്പെടുത്താം ഇവിടെ.

ചേരുവകള്‍:

മുട്ട

ആപ്പിള്‍ വിനാഗിരി

കറ്റാര്‍വാഴ

വെള്ളം

തയ്യാറാക്കുന്നത്:
രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിളില്‍ നിന്നുണ്ടാക്കിയ വിനാഗിരി, മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴക്കുഴമ്പ്, അരക്കപ്പ് വെള്ളം, ഒരു മുട്ട എന്നിവ യോജിപ്പിക്കുക. നല്ലവണ്ണം യോജിപ്പിച്ചെടുത്ത് ഇതിനെ ഒരു ഷാംപൂവായി ഉപയോഗിക്കാം.

നമ്മുടെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം സ്വന്തം വീട്ടില്‍ തന്നെ ലഭ്യമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ എന്ന ലേബലില്‍ വിപണിയിലെത്തുന്ന പല ഉത്പന്നങ്ങളും ഈ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെയാണ് വില്പനക്കെത്തുന്നത്. ഇത് സ്വയം തിരിച്ചറിഞ്ഞ് ആരോഗ്യകരവും ചെലവുകുറഞ്ഞതുമായ പരിഹാരങ്ങള്‍ കണ്ടെത്തി മനസ്സിലാക്കുകയാണ് മുടിക്ക് മാത്രമല്ല നമ്മുടെ എല്ലാതരം ആരോഗ്യത്തിനും നല്ലത്.

English summary

how get healthy hair with eggs

With the help of inexpensive egg, one can easily increase the hair health. Here are the egg made packs, shampoos and conditioners.
Story first published: Friday, January 17, 2014, 15:31 [IST]
X
Desktop Bottom Promotion